Latest News :
Home » » മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് കേരളാ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.

മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് കേരളാ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.

Written By Unknown on 11 Mar 2014 | 14:40

മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് കേരളാ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 12-നായിരുന്നു സത്യപ്രതിജ്ഞാചടങ്ങ്. തിങ്കളാഴ്ച കേരളത്തിലെത്തിയ ഷീലാ ദീക്ഷിത്തിനു തലസ്ഥാനത്ത് ഔപചാരികമായ വരവേല്പ് നല്‍കിയിരുന്നു. വൈകുന്നേരം 4.45-നു തിരുവനന്തപുരം വിമാനത്താവളത്തിലെ വ്യോമസേനാ ടെക്‌നിക്കല്‍ ഏരിയയിലെത്തിയ ഷീലാ ദീക്ഷിതിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ്. ശിവകുമാര്‍, ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍, പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന്‍, പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, പിഎസ്‌സി ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍, വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി, മലയാളം മിഷന്‍ ഡയറക്ടര്‍ തലേക്കുന്നില്‍ ബഷീര്‍ തുടങ്ങിയവര്‍ നിയുക്ത ഗവര്‍ണറെ സ്വീകരിക്കാനെത്തിയിരുന്നു. കേരളാ ഗവര്‍ണറായിരുന്ന നിഖില്‍കുമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ നിന്നു സ്ഥാനാര്‍ഥിയാകാന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഷീലാ ദീക്ഷിതിനെ സംസ്ഥാനത്തെ ഗവര്‍ണറായി നിയോഗിച്ചത്. ഡല്‍ഹിയില്‍ തുടര്‍ച്ചയായി മൂന്നു തവണ മുഖ്യമന്ത്രിയായ ഷീല ദീക്ഷിത്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിനോടു പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനു എട്ടു സീറ്റ് മാത്രമാണ് നേടാനായത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷം വിട്ട് നിന്നു.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved