Latest News :
Home » » നായരുടെ സംഗീതം കേൾപ്പിച്ചവരോട് ദേവി പൊറുക്കട്ടെ!

നായരുടെ സംഗീതം കേൾപ്പിച്ചവരോട് ദേവി പൊറുക്കട്ടെ!

Written By Nair News Online on 24 Jan 2014 | 07:51





കൊച്ചി: പ്രശസ്‌ത സോപാന സംഗീതജ്ഞനാണ് ഏലൂർ ബിജു. പുരാതനമായ ചേരാനല്ലൂർ ശ്രീകാർത്ത്യായനി ക്ഷേത്രത്തിലെ ഭഗവതിയെ ബിജു ദിവസവും അഞ്ചു നേരം കൊട്ടിപ്പാടി സേവിക്കാൻ തുടങ്ങിയിട്ട് വർഷം നാലായി.

പക്ഷേ സ്ഥിരനിയമനത്തിന് യോഗ്യനല്ലെന്ന് കൊച്ചി ദേവസ്വം ബോർഡ് പറയുന്നു. കാരണം, താണജാതിയാണ്- നായർ. അമ്പലവാസികൾക്ക് മാത്രമേ സ്ഥിരനിയമനത്തിന് അർഹതയുള്ളൂ എന്നാണ് ന്യായം. നാല് വർഷം നായരുടെ കൊട്ടിപ്പാടി സേവ കേട്ട ഭഗവതിയോട് ഇനി ബോർഡ് എങ്ങനെ പ്രായശ്ചിത്തം ചെയ്യുമോ ആവോ!

ബിജു ഈ വിവേചനത്തിന് ഇരയാകുന്നത് ആദ്യമല്ല. ഒരു വർഷം മുമ്പ് ഗുരുവായൂരപ്പന്റെ സോപാനത്തിലും അവഹേളിതനായി. ശിഷ്യനുമൊത്ത് പാടാനെത്തിയ ബിജുവിന് അനുമതി ലഭിച്ചില്ല. മാരാരായ ശിഷ്യന്റെ പാട്ട് കേട്ട് മനസ് നിറഞ്ഞെങ്കിലും ആരും കാണാതെ കണ്ണീരൊപ്പി മടങ്ങി.

ഏലൂർ ബിജുവിന്റെ യഥാർത്ഥ പേര് അരുൺ കുമാറെന്നാണ്. കാവിൽ ഉണ്ണിക്കൃഷ്‌ണവാര്യരാണ് സോപാന സംഗീതത്തിൽ ഗുരു. ചെണ്ടമേളത്തിൽ ചേന്ദമംഗലം ഉണ്ണിക്കൃഷ്‌ണ മാരാരും സദനം ദിവാകരമാരാരും. തൃപ്പൂണിത്തുറ ആർ.എൽ.വി  കോളേജിൽ നിന്ന് കർണാടക സംഗീതത്തിൽ ഗാനഭൂഷണം പാസായിട്ടുണ്ട്. ഗൾഫിലുൾപ്പെടെ ആയിരത്തിലധികം വേദികളിൽ സോപാനസംഗീതം അവതരിപ്പിച്ചു. ദൈവദശകം ഉൾപ്പെടെയുള്ള കൃതികൾ സോപാനസംഗീത രൂപത്തിൽ ചിട്ടപ്പെടുത്തി. "ഉന്നത' ജാതിയിലുൾപ്പെടെ അനവധി ശിഷ്യർ.

ക്ഷേത്രോപദേശക സമിതിയും ക്ഷേത്രം തന്ത്രിയും ബിജുവിന് നിയമനം നൽകാൻ ശുപാർശ ചെയ്‌തിരുന്നു. പക്ഷേ, യോഗ്യതകൾ ജാതിക്ക് മുന്നിൽ തോറ്റു. ജോലിയിൽ നിന്ന് ഒഴിവാക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ ബലത്തിലാണ്  250 രൂപ ദിവസക്കൂലിക്ക് കൊട്ടിപ്പാടിസേവ നടത്തുന്നത്.

ഈ ക്ഷേത്രത്തിൽ സോപാനസംഗീതത്തെക്കാൾ പ്രാധാന്യമുള്ള പാണികൊട്ടുന്ന സ്ഥിരം ജീവനക്കാരൻ നായർ സമുദായമാണ്. പാണിയുടെ അകമ്പടിയോടെ മാത്രമേ ഭഗവതിയുടെ തിടമ്പ് പുറത്തെഴുന്നള്ളിക്കാവൂ. നിയമനങ്ങളിൽ ജാതിവിവേചനം പാടില്ലെന്ന സുപ്രീംകോടതി വിധി വന്ന് പത്ത് വർഷം കഴിഞ്ഞിട്ടും കൊച്ചിൻ ദേവസ്വം ബോർഡ് അത് അംഗീകരിച്ചിട്ടില്ല.

കീഴ്‌വഴക്കമെന്ന് ദേവസ്വം ബോർഡ്

കീഴ്‌വഴക്കങ്ങളനുസരിച്ചാണ് ജാതി അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി രാജലക്ഷ്‌മി പറഞ്ഞു. സോപാനത്ത് പാട്ട്, ഇടയ്‌ക്ക, ചേങ്ങില എന്നിവ അമ്പലവാസികൾക്ക് മാത്രമുള്ളതാണ്. മുൻപ് മറ്റ് ജാതിക്കാർക്ക് നിയമനം നൽകിയത് ഉദ്യോഗസ്ഥരുടെ പിഴവാകാം.

കടപ്പാട്: കെ .സുനില്‍കുമാര്‍ കേരള കൌമുദി.

Share this article :
 
Copyright © 2014. Nair News Online - All Rights Reserved