Latest News :
Home » » പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ 26ന് ; മുഖ്യമന്ത്രി

പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ 26ന് ; മുഖ്യമന്ത്രി

Written By Unknown on 24 Feb 2014 | 15:41

പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള കാര്യത്തില്‍ അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗം എടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റെടുക്കല്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച ശുപാര്‍ശ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം വിശദമായി പരിശോധിച്ചുവെന്നും ഏതാനും വിഷയങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.  അവ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. അതിനാല്‍ 26ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ചവറയിലെ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് (കെഎംഎംഎല്‍) പ്രദേശത്തെ 150 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആ പ്രദേശത്തെ ജനങ്ങളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് ഭൂമി ഏറ്റെടുക്കുന്നത്. മലിനീകരണത്തെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങളുടെ ആവശ്യത്തിലാണ് നഷ്ടപരിഹാം നല്‍കി ഭൂമി ഏറ്റെടുക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.  ഏറ്റെടുക്കുന്ന ഭൂമി കിന്‍ഫ്ര, സിഡ്‌കോ എന്നിവയുടെ പദ്ധതികള്‍ക്ക് നല്‍കും. നെല്ലിന്റെ സംഭരണവില 19 രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു. നിലവില്‍ 18 രൂപ നല്‍കിയാണ് സര്‍ക്കാര്‍ നെല്ല് ഏറ്റെടുക്കുന്നത്. കെഎസ്ആര്‍ടിസി പാക്കേജ് സംബന്ധിച്ചും 26ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ഫാക്ടിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.  സംസ്ഥാനത്തെ പോലീസ് സേനയിലെ അംഗങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും. അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് നിലവിലുള്ള റീഇംപേഴ്‌സ്‌മെന്റ് തുടരും. കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ റൂറല്‍, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ ആറ് വനിതാ പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.  ജയില്‍, അഗ്‌നിശമന സേനാംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു.  ഇതിലേക്ക് ആവശ്യമായ ജീവനക്കാരുടെ നിയമനവും മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇടുക്കിയില്‍ നാല് ആയുര്‍വേദ ഡിസ്‌പെന്‍സറി കൂടി സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇടമലക്കുടി, കാന്തല്ലൂര്‍, വെള്ളിയാമറ്റം, കാഞ്ചിയാര്‍ എന്നിവിടങ്ങളിലാണ് പുതിയ ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.








Share this article :
 
Copyright © 2014. Nair News Online - All Rights Reserved