Latest News :
Home » » എന്‍. എസ്. എസ്. ഹൈറേഞ്ചിലെ കര്‍ഷകര്‍ക്കൊപ്പം.

എന്‍. എസ്. എസ്. ഹൈറേഞ്ചിലെ കര്‍ഷകര്‍ക്കൊപ്പം.

Written By Nair News Online on 15 Jan 2014 | 13:31

കട്ടപ്പന: അതിജീവനത്തിനായുള്ള ഹൈറേഞ്ചിലെ കര്‍ഷകരുടെ പോരാട്ടങ്ങള്‍ക്കൊപ്പമാണ് എന്‍.എസ്.എസ്. എന്ന് ഹൈറേഞ്ച് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍.മണിക്കുട്ടന്‍ പറഞ്ഞു. ഹൈറേഞ്ച് സംരക്ഷണസമിതിയുടെ 48 മണിക്കൂര്‍ ഉപവാസസമരത്തില്‍ എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗം അഡ്വ.എം.എസ്.മോഹന്‍ പങ്കെടുത്ത് പ്രസംഗിച്ചത് ഹൈറേഞ്ച് ജനതയോടുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനമായിരുന്നു. 

മൂന്നും നാലും തലമുറകളായി ഇവിടെ താമസിക്കുന്ന കുടിയേറ്റക്കാരെ അവരുടെ പുര്‍വികര്‍ അന്തിയുറങ്ങുന്ന മണ്ണില്‍നിന്ന് പറിച്ചെറിയരുത്. 1977നു മുന്‍പ് കുടിയേറിയവര്‍ക്ക് മുഴുവന്‍ പട്ടയം നല്‍കുമെന്ന വാഗ്ദാനം 40 വര്‍ഷമായിട്ടും പൂര്‍ണമായും നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഭൂമി പതിവു ചട്ടങ്ങള്‍ക്ക് 2005ലും 2009ലും വന്ന ഭേദഗതികള്‍ ഹൈറേഞ്ച് ജനതയെ പരിഗണിക്കാതെയായിരുന്നു. ഒരേക്കര്‍വരെ മാത്രമേ പട്ടയം അനുവദിക്കാവൂ എന്ന 2005ലെ ഭേദഗതിയും പട്ടയംലഭിച്ച ഭൂമി 25 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുത് എന്ന 2009 ലെ ഭേദഗതിയും ഹൈറേഞ്ചിലെ കൈവശാവകാശരീതി പരിഗണിക്കാതെയുള്ളതാണ്. പട്ടയം അനുവദിക്കാന്‍ പുതുതായി ഇറങ്ങിയ ഉത്തരവും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ല. 

ജനവാസകേന്ദ്രങ്ങളും തോട്ടങ്ങളും പരിസ്ഥിതി ദുര്‍ബല, ലോല മേഖലകളില്‍നിന്ന് ഒഴിവാക്കണമെന്നതാണ് എന്‍.എസ്.എസ്. നിലപാട്. ഹൈറേഞ്ചിലെ എട്ടരലക്ഷം ജനങ്ങള്‍ക്കുവേണ്ടിയാണ് എന്‍.എസ്.എസ്.വാദിക്കുന്നത്-മണിക്കുട്ടന്‍ പറഞ്ഞു. 



----------------------------
കടപ്പാട്:  മാതൃഭൂമി ന്യൂസ്‌.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved