Latest News :
Home » , » ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ചേര്‍ത്തല താലൂക്ക് നായര്‍ മഹാസമ്മേളനം ഇന്ന്‌

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ചേര്‍ത്തല താലൂക്ക് നായര്‍ മഹാസമ്മേളനം ഇന്ന്‌

Written By Nair News Online on 29 Nov 2014 | 13:07





ചേര്‍ത്തല : ചേര്‍ത്തല താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എന്‍.എസ്.എസ്. ശതാബ്ദി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ശനിയാഴ്ച പകല്‍ 2.30 ന് മന്നം നഗറില്‍ (ചേര്‍ത്തല ദേവീക്ഷേത്ര മൈതാനം) താലൂക്ക് നായര്‍ മഹാസമ്മേളനം നടത്തും.
എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, താലൂക്ക് നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യും. സാന്ത്വന പദ്ധതി, ചികിത്സാ സഹായധന പദ്ധതി, വിവാഹ സഹായധന പദ്ധതി എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ കെ.പങ്കജാക്ഷപ്പണിക്കര്‍ അധ്യക്ഷത വഹിക്കും.
ശതവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി യൂണിയന്‍ ഒരുകോടി രൂപയുടെ ശതാബ്ദി സ്മാരക ജീവകാരുണ്യനിധി രൂപവത്കരിച്ചു. അശരണരും നിരാലംബരുമായ സമുദായാംഗങ്ങളെ സഹായിക്കുന്നതിനാണ് നിധി രൂപവത്കരിച്ചത്. ജീവകാരുണ്യനിധി ഉപയോഗിച്ച് വിദ്യാഭ്യാസ ദത്തെടുക്കല്‍ പദ്ധതി, അഗതി സാന്ത്വന പദ്ധതി, വിവാഹ സഹായധന പദ്ധതി, ചികിത്സാ സഹായധന പദ്ധതി, പാര്‍പ്പിട നിര്‍മാണ സഹായ പദ്ധതി എന്നിവ നടപ്പാക്കുകയാണ് യൂണിയന്റെ ലക്ഷ്യം.
താലൂക്ക് നായര്‍ മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യൂണിയന്‍ പ്രസിഡന്റ് കെ.പങ്കജാക്ഷപ്പണിക്കര്‍, വൈസ് പ്രസിഡന്റ് കെ.ജി. ചിന്താര്‍മണി, സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജി. രാജശേഖരന്‍ നായര്‍ എന്നിവര്‍ അറിയിച്ചു. ശനിയാഴ്ച പകല്‍ 2.30 ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ യൂണിയന്‍ ആസ്ഥാനത്തെ മന്നത്ത് പദ്മനാഭന്റെ പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ എന്‍.എസ്.എസ്. പതാകയേന്തിയ 101 വനിതകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സമ്മേളന വേദിയായ മന്നം നഗറിലേക്ക് ആനയിക്കും. പടുകൂറ്റന്‍ പന്തലാണ് ദേവീക്ഷേത്ര മൈതാനിയില്‍ ഒരുക്കിയിരിക്കുന്നത്. പതിനായിരം പേര്‍ക്ക് ഇരിപ്പിട സൗകര്യവും തയാറാക്കിയിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved