Latest News :
Home » , » ദേവസ്വം ബില്ലുകൾ പാസാക്കി, പ്രതിപക്ഷം ഇറങ്ങിപ്പോയി.

ദേവസ്വം ബില്ലുകൾ പാസാക്കി, പ്രതിപക്ഷം ഇറങ്ങിപ്പോയി.

Written By Nair News Online on 24 Jan 2014 | 08:00




തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനും ബഹിഷ്കരണത്തിനും ഒടുവിൽ തിരുവിതാംകൂർ-കൊച്ചി
ഹിന്ദുമതസ്ഥാപന ബില്ലും മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റ് ബില്ലും നിയമസഭ പാസാക്കി. തിരു-കൊച്ചി ദേവസ്വം ബിൽ സഭയിൽ അവതരിപ്പിക്കുന്നതിന് തുടക്കം മുതൽ പ്രതിപക്ഷം തടസ്സവാദം ഉന്നയിച്ചു. സഭയെ അവഹേളിക്കുകയാണെന്നാരോപിച്ച് ബില്ലിന്റ അവസാന വായനക്കിടയിൽ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പ്രതിപക്ഷംഒന്നടങ്കം ഇറങ്ങിപ്പോയി.സ്ത്രീകൾക്കും പട്ടികജാതിക്കാർക്കും യുവാക്കൾക്കും എതിരാണ് ബില്ലെന്നാരോപിച്ച് പ്രതിപക്ഷം ബില്ലിന്റെ കോപ്പികൾ കീറിക്കളയുകയും ചെയ്തു.


തിരുവിതാംകൂർ കൊച്ചി ബോർഡുകളിലെ വനിതാ സംവരണം ഒഴിവാക്കുക, അംഗങ്ങളുടെ എണ്ണം നാലിൽ നിന്ന് മൂന്ന് ആക്കുക, രണ്ടംഗങ്ങളെ മന്ത്രിസഭയിലെ ഹിന്ദുഅംഗങ്ങളും പട്ടിക ജാതി പട്ടിക വർഗത്തിൽ പെട്ട ഒരാളെ ഹിന്ദു നിയമസഭാ സാമാജികരും തിരഞ്ഞെടുക്കുക, പുരുഷ അംഗങ്ങളുടെ പ്രായം 50 ൽ നിന്ന് 45 ആക്കുക തുടങ്ങിയവയാണ് നിലവിലുളള നിയമത്തിൽ വരുത്തിയ ഭേദഗതികൾ.


കഴിഞ്ഞ തവണ സബ്ജക്‌ട് കമ്മിറ്റിയിൽ വരെയെത്തിയ ബിൽ നിലനിൽക്കെ സർക്കാർ വീണ്ടും ഓർഡിനൻസ് ഇറക്കുകയും അതേ ബിൽ വീണ്ടും അവതരിപ്പിക്കുകയും ചെയ്യുന്നതിനെതിരെ പ്രതിപക്ഷത്തുനിന്ന് കോടിയേരി ബാലകൃഷ്ണനും മാത്യു ടി.തോമസും തുടക്കത്തിൽ തടസ്സ വാദം ഉന്നയിച്ചു. എന്നാൽ ഇക്കാര്യത്തിൽ നിയമവകുപ്പിന്റെ നിയമോപദേശമുണ്ടെന്നായിരുന്നു ബിൽ അവതരിപ്പിച്ച മന്ത്രി വി.എസ്.ശിവകുമാറിന്റെ മറുപടി . ബില്ലിനെക്കുറിച്ചുളള അവസാനവോട്ടെടുപ്പിന് തൊട്ടുമുമ്പ് നിയമോപദേശം ഇതുവരെ സഭയിൽ ഹാജരാക്കിയില്ലെന്നും ഇത് സഭയെ അവഹേളിക്കലാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ഇത്തരം വേളകളിൽ സഭ തീരുന്നതിന് മുമ്പ് മാത്രമാണ് റിപ്പോർട്ട് മേശപ്പുറത്ത് വയ്ക്കുന്നതെന്ന് സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. ബഹളം വച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയതോടെ ചീഫ് വിപ്പ് പി.സി.ജോർജ്ജ് അല്പ നേരം പ്രസംഗിച്ചെങ്കിലും തുടർന്ന് പെട്ടെന്ന് തന്നെ സഭ ബിൽ പാസാക്കുകയായിരുന്നു. തുടർന്ന് മലബാർ ദേവസ്വം ബോർഡിനെ സംബന്ധിക്കുന്ന മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റ് ബില്ലും നിയമസഭ പാസ്സാക്കി. പുതിയ ബിൽ പ്രകാരം മലബാർ ദേവസ്വം ബോർഡിൽ ഓരോ വനിതാ, പട്ടിക ജാതി , പട്ടിക വർഗ അംഗങ്ങളുൾപ്പെടെ ഒമ്പതംഗങ്ങളുണ്ടാവും.


കടപ്പാട്. കേരള കൌമുദി

Share this article :
 
Copyright © 2014. Nair News Online - All Rights Reserved