ടാങ്കര്‍ ലോറി സമരം പിന്‍വലിക്കാന്‍ തീരുമാനമായി. ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ പുതിയ നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം അനിശ്ചിതകാല സമരത്തിന് ടാങ്കര്‍ ലോറികളും എല്‍പിജി ട്രക്കുകളും തുടക്കം കുറിച്ചിരുന്നു. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാചകവാതക ടാങ്കര്‍ ഉടമകളുടെയും എണ്ണക്കമ്പനികളുടെയും വിവിധ തൊഴിലാളി സംഘടനകളുടെയും പ്രതിനിധികളുടെ യോഗത്തിലാണു സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ 2012 ഒക്‌ടോബറില്‍ ചേര്‍ന്ന യോഗത്തില്‍ സ്വീകരിച്ച തീരുമാനങ്ങള്‍ നടപ്പാക്കും. സംസ്ഥാനത്തിനകത്ത് സര്‍വീസ് നടത്തുന്ന ടാങ്കര്‍ ലോറികള്‍ക്ക് രണ്ടുെ്രെഡവര്‍മാരും ഒരു ഹെല്‍പറും വേണമെന്നാണ് ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. രാവിലെ 8 മുതല്‍ 11 മണിവരെയും വൈകിട്ട് 4 മുതല്‍ 6 വരെയും അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന വാഹനങ്ങള്‍ ഓടിക്കരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് സമരം നടത്താന്‍ തീരുമാനിച്ചത്. ബള്‍ക്ക് എല്‍പിജി വാഹനങ്ങള്‍ രാവിലെ എട്ടുമുതല്‍ 11 വരെയും, വൈകിട്ടു നാലുമുതല്‍ ആറുവരെയും നഗരപ്രദേശത്ത് ഓടില്ല, മറ്റു പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കുള്ള സമയ നിയന്ത്രണം ബന്ധപ്പെട്ട കലക്ടര്‍, ജില്ലാ പൊലീസ് സൂപ്രണ്ട്, എണ്ണക്കമ്പനി പ്രതിനിധികള്‍, ടാങ്കര്‍ യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേര്‍ന്ന് അതതു പ്രദേശത്തിന്റെ പ്രത്യേകതയനുസരിച്ചു നിര്‍ണയിക്കും, രണ്ടു ഡ്രൈവര്‍ വേണമെന്ന നിബന്ധന അടുത്ത ഒക്‌ടോബര്‍ വരെ ഒഴിവാക്കും തുടങ്ങിയവയാണു യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍.
