Latest News :
Home » » കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റേ അവശിഷ്ടങ്ങളുടെ സാറ്റലൈറ്റ് ചിത്രം ചൈന പുറത്തുവിട്ടു.

കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റേ അവശിഷ്ടങ്ങളുടെ സാറ്റലൈറ്റ് ചിത്രം ചൈന പുറത്തുവിട്ടു.

Written By Unknown on 13 Mar 2014 | 12:31

മലേഷ്യയില്‍ നിന്ന് ബീജിംഗിലേക്ക് പോകവെ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റേതെന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങളുടെ സാറ്റലൈറ്റ് ചിത്രം ചൈന പുറത്തുവിട്ടു. സര്‍ക്കാര്‍ വെബ്‌സൈറ്റിലാണ് ചൈന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തെക്കന്‍ ചൈന കടലില്‍ ഒഴുകി നല്‍കുന്ന മൂന്ന് വസ്തുക്കളുടെ ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രദേശത്ത് വിയറ്റ്‌നാമും മലേഷ്യയും വിമാനത്തിനായുള്ള തെരച്ചില്‍ ആരംഭിച്ചു. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് 5 ഇന്ത്യക്കാരുള്‍പ്പടെ 227 യാത്രക്കാരും 12 ജീവനക്കാരുമായി കൊലാലംപൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ച മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം എച്ച് 370 യാത്രാവിമാനം അപ്രത്യക്ഷമായത്. ചൈന, ഇന്ത്യ, യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് വിമാനത്തിലുണ്ടായിരുന്നവരില്‍ അധികവും. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ തെരച്ചിലാണ് വിമാനം കണ്ടെത്തുന്നതിനായി നടന്നു കൊണ്ടിരിക്കുന്നത്. 34 വിമാനങ്ങളും 40 കപ്പലുകളും 10 രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളുമാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ കാണാതായ എം എച്ച് 370 എന്ന വിമാനത്തിനു വേണ്ടി തെരച്ചില്‍ നടത്തുന്നത്. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ കാണാതായ എംഎച്ച് 370 എന്ന വിമാനത്തിനായുള്ള തെരച്ചില്‍ 93000 ചതുരശ്ര കിലോമീറ്റര്‍ സമുദ്രമേഖലയിലേക്കു കൂടി വ്യാപിപ്പിച്ചിരുന്നു. വിമാനം കണ്ടെത്തുന്നതിനുള്ള തെരച്ചിലില്‍ ഇന്ത്യയും പങ്കുചേര്‍ന്നു. ആന്‍ഡമാന്‍ ദ്വീപ സമൂഹത്തിന്റെ കിഴക്കന്‍ ഭാഗത്താണ് ഇന്ത്യ തെരച്ചില്‍ നടത്തുന്നത്. ആന്‍ഡമാന്‍ വ്യോമ മേഖലയില്‍ നിന്ന് ഇന്ത്യന്‍ ഉപഗ്രഹമായ ജിസാറ്റ് 7 സമാഹരിച്ച വിവരങ്ങളും വിശകലനം ചെയ്യുന്നുണ്ട്. കാണാതായ വിമാനം മലാക്കന്‍ കടലിടുക്കിന് സമീപം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് മലേഷ്യന്‍ എയര്‍ഫോസ് അധികൃതര്‍ ഇത് നിഷേധിക്കുകയായിരുന്നു. മുന്‍നിശ്ചയിച്ച വ്യോമപാതയില്‍ നിന്ന് മാറി വിമാനം തിരിച്ചുവന്നിരിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്നും മലേഷ്യന്‍ വ്യോമയാന മേധാവി റോഡ്‌സാലി വ്യക്തമാക്കിയിരുന്നു.


Share this article :
 
Copyright © 2014. Nair News Online - All Rights Reserved